ത്രിത്വ സ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.
കുരിശടയാളം (വലുത്)
വിശുദ്ധ കുരിശിന്‍റെഅടയാളത്താല്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ തമ്പുരാനെ ,പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍ .
കുരിശടയാളം ചെറുത്
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ്, സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ.
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ, ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ, ആമേന്‍
നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി
നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേന്‍.
ത്രിസന്ധ്യാ ജപം [കര്‍ത്താവിന്‍റെ മാലാഖ]
കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ. ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ. 1 നന്മ. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു . 1 നന്മ
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍…….. സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
പ്രാർത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമ്മേന്‍ . 3 ത്രിത്വ.
വിശുദ്ധവാര ത്രികാലജപം
(വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി; അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി 1 സ്വര്‍ഗ്ഗ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ട് കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമെ അങ്ങയോടുകൂടി എന്നേക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
പെസഹാക്കാല ത്രികാലജപം
(ഉയിര്‍പ്പു ഞായര്‍ തുടങ്ങി പരിശുദ്ധത്രിത്വത്തിന്‍റെ ഞായര്‍ വരെ ചൊല്ലേണ്ടത്)
സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും ഹല്ലേലൂയ്യ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍ ഹല്ലേലൂയ്യ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യ!
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമെ ഹല്ലേലൂയ്യ!
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും ഹല്ലേലൂയ്യ!
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യ!
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.ആമ്മേന്‍
കുമ്പസാരത്തിനുള്ള ജപം
സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു.വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി.എന്റെ പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ. ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാര്‍ദ്ധിക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
വിശ്വാസ പ്രമാണം
viswasa pramanam
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു. പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി, സര്‍വ്വശക്തിയുളള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
എത്രയും ദയയുള്ള മാതാവേ
Ethrayum dayayulla mathave prayer
എത്രയും ദയയുളള മാതാവേ, അങ്ങേ സങ്കേതത്തില്‍, ഓടിവന്ന്, അങ്ങേ സഹായം തേടി, അങ്ങേ മധ്ത്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞി , ദയയുളള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ട്, അങ്ങേ തൃപാദത്തില്‍ ഞാന്‍ അണയുന്നു. നെടുവീര്‍പ്പോടും കണ്ണുനീരോടുംകൂടെ പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമ്മേന്‍
പരിശുദ്ധരാജ്ഞി
പരിശുദ്ധരാജ്ഞി,കരുണയുടെ മാതാവേ സ്വസ്തി.ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി . ഹവ്വായുടെ പുറം തള്ളപെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണീരിന്‍റെ ഈ താഴ്‌വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു .ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്തെ, അങ്ങയുടെ കരുണയുളള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ.ഞങ്ങളുടെ ഈ പ്രവാസത്തിനുസേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രിഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരണമെ.കരുണയും വാത്സല്യവും,മാധുര്യവും നിറഞ്ഞ കന്യകമറിയമെ. ആമ്മേന്‍
മനസ്താപപ്രകരണം
Manasthapa prakaranam
എന്‍റെ ദൈവമേ , ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍, അങ്ങേയ്ക്കെതിരായി പാപംചെയ്തുപോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന് മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധനാ(യാ) ക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി) ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(യാ)യിരിക്കുന്നു.
കുടുംബ പ്രതിഷ്ടാ ജപം
Kudumba prathishta japam
(മാസാദ്യ വെള്ളിയാഴ്ചകളിൽ തിരുഹൃദയത്തിനു മുമ്പാകെ ചൊല്ലേണ്ടത് )
ക്രിസ്തീയ കുടുംബങ്ങളിൽ വാഴുവാനുളള ആഗ്രഹം മാർഗരീത്ത മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധഹൃദയമേ,ഞങ്ങളുടെ കുടുംബത്തിന്മേലുളള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങൾ ഇപ്പോൾ തുടങ്ങി അങ്ങേക്ക് ഇഷ്ടമുളള ജീവിതം നയിക്കാൻ ഞങ്ങൾ മനസ്സാകുന്നു.ഈ ലോകജീവിതത്തിൽ,ഏതെല്ലാം സുകൃതങ്ങൾ അഭ്യസിച്ചത് സമാധാനം തരുമെന്ന് അങ്ങ് വാഗ്‌ദാനം ചെയ്തിരിക്കുന്നുവോ,ആ സുകൃതങ്ങൾ ഈ കുടുംബത്തിൽ സമൃദ്ധമായി വളരുന്നതിന് ഞങ്ങൾ യത്നിക്കുന്നതാണ്. അങ്ങ് ശപിച്ചിരിക്കുന്ന ലോകാരൂപിയെ ഞങ്ങളിൽനിന്നു ദൂരത്തിൽ അകറ്റുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും ,അങ്ങയുടെ ഉജ്ജ്വലമായ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയത്തിലും വാഴണമേ.ഈ സ്നേഹാഗ്നി കൂടെകൂടെയുളള ദിവ്യകാരുണ്യ സ്വീകരണത്തിൽ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങൾ പരിശ്രമിക്കും ഓ,ദിവ്യഹൃദയമേ ,ഞങ്ങളുടെ സമ്മേളനങ്ങളിൽ അധ്യക്ഷപീഠമലങ്കരിക്കുവാൻ അങ്ങ് മനസാകണമേ .ഞങ്ങളുടെ ആത്മീയവും,ലൗകികവുമായ സംരംഭങ്ങളെ അങ്ങു ആശീർവദിക്കണമേ .ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളെയും ഞങ്ങളിൽനിന്നു അകറ്റണമേ.ഞങ്ങളുടെ സന്തോഷങ്ങൾ അംഗ സംശുദ്ധമാക്കണമേ.ഞങ്ങളുടെ ക്ലേശങ്ങളെ ലഘൂകരിക്കേണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തിൽ വീഴാനിടയായാൽ ഓ ,ദിവ്യഹൃദയമേ ,അങ് മനസ്തപിക്കുന്ന പാപിയോടു എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാണെന്നു അയാളെ ഓര്മിപ്പിക്കണമേ.ജീവിതാന്ത്യത്തിൽ അന്ത്യവേർപാടിന്റെ മണിനാദം മുഴങ്ങുകയും മരണം ഞങ്ങളെ സന്താപത്തിൽ ആഴ്തുകയും ചെയ്യുമ്പോൾ അങ്ങയുടെ അലംഘനീയമായ ആ കല്പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു.മരിച്ചവരും ജീവിച്ചിക്കുന്നവരുമായ ഈ കുടുംബങ്ങളെല്ലാവരും മോക്ഷത്തിൽ ഒന്നുചേർന്ന് അങ്ങയുടെ മഹത്വത്തെയും കാരുണ്യത്തെയും പാടി സ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുളള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. മറിയത്തിന്റെ വിമലഹൃദയവും,മഹത്വമേറിയ പിതാവായ വിശുദ്ധ യൗസേപ്പും ഈ പ്രതിഷ്ഠയെ അങ്ങേക്ക് കാഴ്ച വക്കുകയും ഇതിന്റെ ഓര്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തിൽ ആവിർഭവിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവ്, രക്ഷകനായ ഈശോയുടെ ദിവ്യഹൃദയത്തിനു എല്ലാ മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ.ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ, -ഞങ്ങളുടെ മേൽ കൃപ ഉണ്ടാകണമേ.മറിയത്തിന്റെ വിമലഹൃദയമേ,-ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. വിശുദ്ധ ഔസേപ്പിതാവേ,-ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.വിശുദ്ധ മാർഗരീത്ത മറിയമേ,-ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.
കരുണയുടെ ജപം
Karunayude japam
കാരുണ്യവാനായ ദൈവമേ,അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ യോഗ്യതകളെ കുറിച്ച് ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും അധികാരികളും വഴി വന്നു പോയ സകല തെറ്റുകളും കുറ്റങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. അവിടുത്തെ പ്രിയ പുത്രൻ ഞങ്ങൾക്ക് വേണ്ടി ചിന്തിയ വിലയേറിയ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ശിക്ഷാവിധിയിൽ ഉൾപ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമേ.അങ്ങയുടെ വിശുദ്ധ കുരിശിന്റെ ശക്തിയാൽ ഞങ്ങളെ രക്ഷിക്കുകയും പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമേ.
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ .ആമ്മേൻ .