News

സിഎംഐ സഭയില്‍ പൗരോഹിത്യ വസന്തം; 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി

Added On: Jan 10, 2021

സിഎംഐ സഭയില്‍ പൗരോഹിത്യ വസന്തം; 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി

മാന്നാനം: ദീര്‍ഘദര്‍ശിയും, സാമൂഹ്യ നവോത്ഥാന നായകനുമായ വിശുദ്ധ ചാവറ പിതാവിനാല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസ സഭയായ 'കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' (സി.എം.ഐ) സഭയുടെ കീഴില്‍ പൗരോഹിത്യ പരിശീലനം നടത്തിയിരുന്ന 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി അജപാലന സേവനത്തിലേക്ക് പ്രവേശിച്ചു. തിരുപട്ട സ്വീകരണത്തിനുള്ള നന്ദി സൂചകമായി ജനുവരി 4ന് വിശുദ്ധ ചാവറ പിതാവിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന മാന്നാനത്തെ സെന്റ്‌ ജോസഫ് ആശ്രമദേവാലയത്തില്‍ പ്രത്യേക കുര്‍ബാന അര്‍പ്പിച്ചു.

സഭയുടെ 15 പ്രൊവിന്‍സുകളില്‍ നിന്നുള്ളവരാണ് തിരുപ്പട്ട സ്വീകരണം നടത്തിയതെന്നും, 56 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും സി.എം.ഐ വൈദികനും, തിയോളജി പ്രൊഫസറുമായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. 1831 മെയ് 11-ന് വൈദികരായ തോമസ്‌ പാലക്കല്‍, തോമസ്‌ പോരൂക്കര, വിശുദ്ധ ചാവറ പിതാവ് എന്നിവര്‍ ചേര്‍ന്നാണ് മാന്നാനത്ത്‌വെച്ച് സി.എം.ഐ സഭക്ക് രൂപം നല്‍കുന്നത്. ആരംഭത്തില്‍ ‘അമലോത്ഭവ മാതാവിന്റെ ദാസന്മാര്‍’ എന്നറിയപ്പെട്ടിരുന്ന ഇവര്‍ തുടക്കത്തില്‍ പുരോഹിതര്‍ക്കും ആത്മായര്‍ക്കും വേണ്ടിയുള്ള ധ്യാനങ്ങളിലും, ഞായറാഴ്ച പ്രസംഗങ്ങളുടെ പ്രചാരണത്തിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

1833-ല്‍ സീറോ മലബാര്‍ സഭയിലെ സഭയുടെ ആദ്യത്തെ മേജര്‍ സെമിനാരി സ്ഥാപിക്കപ്പെട്ടു.1841-ല്‍ ഫാ. പാലക്കല്‍ നിര്യാതനായി. ഫാ. പോരൂക്കരയും നിര്യാതനായതോടെയാണ് വിശുദ്ധ ചാവറ പിതാവ് പുതുതായി രൂപീകരിക്കപ്പെട്ട സഭയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 1855 ഡിസംബര്‍ 8-ന് വിശുദ്ധ ചാവറ പിതാവ് ഉള്‍പ്പെടെ 11 പേര്‍ അമലോത്ഭവ മാതാവിന്റെ ദാസന്‍മാരായി സന്യാസ വ്രതം സ്വീകരിച്ചു. 1887-ലാണ് പൊന്തിഫിക്കല്‍ അംഗീകാരം ലഭിക്കുന്നത്. കേരളം ആസ്ഥാനമായുള്ള സി.എം.ഐ സഭക്ക് നിലവില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി 2,597 അംഗങ്ങളാണുള്ളത്. 1,900 വൈദികര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

 

Source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions