News

ചരിത്രപരം: അർമേനിയൻ ക്രൈസ്തവകൂട്ടക്കൊലയെ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ച് പ്രസിഡന്‍റ് ബൈഡൻ

Added On: Apr 25, 2021

വാഷിംഗ്ടണ്‍ഡി‌സി: ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അര്‍മേനിയൻ ക്രൈസ്തവരുടെ മേൽ തുർക്കി നടത്തിയ നരനായാട്ടിനെ 'വംശഹത്യ'യായി അമേരിക്കയുടെ ജോ ബൈഡൻ ഭരണകൂടം അംഗീകരിച്ചു. 1915 മുതൽ തുർക്കി നടത്തിയ കൂട്ടക്കുരുതി വംശഹത്യയുടെ നിർവചനത്തിൽ പെടുന്നതാണെന്ന് ചരിത്രകാരന്മാർ അംഗീകരിക്കുന്നുണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി തുർക്കിയെ ചൊടിപ്പിക്കാൻ മുൻപുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റുമാർ ഒരുക്കമല്ലായിരുന്നു. അമേരിക്കയിൽ കഴിയുന്ന കുടിയേറ്റക്കാരായ അർമേനിയൻ മനുഷ്യരുടെ വിജയം കൂടിയായാണ് ഈ പ്രഖ്യാപനത്തെ നിരീക്ഷിക്കുന്നത്. ദീർഘനാളായി ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ച് അവർ പോരാട്ടത്തിലായിരുന്നു.

ഓട്ടോമൻ കാലഘട്ടത്തിൽ നടന്ന അർമേനിയൻ വംശഹത്യയെ പറ്റി എല്ലാവർഷവും ഇതേദിവസം നാം സ്മരിക്കുകയും ഇങ്ങനെയൊരു അതിക്രമം ഇനിയും ഉണ്ടാകാതിരിക്കാനായി തീരുമാനമെടുക്കുകയും ചെയ്യാറുണ്ടെന്ന് ബൈഡൻ പത്രക്കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അർമേനിയൻ കൂട്ടക്കൊല വംശഹത്യയായി അംഗീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തിയിരുന്നു. 1915 ഏപ്രിൽ 24ന് ഏതാനും അർമേനിയൻ നേതാക്കളെ തുർക്കി കൊലപ്പെടുത്തി. അതിനാൽ ഈ ദിവസമാണ് അർമേനിയൻ വംശഹത്യ തുടങ്ങിയ ദിവസമായി കരുതപ്പെടുന്നത്.

ഇതിന് പിന്നാലെ നിരവധി ആളുകളെ ഭവനങ്ങളിൽ നിന്നും തുർക്കി തുരത്തിയോടിച്ചു. ഏകദേശം 15 ലക്ഷത്തോളം അർമേനിയൻ വംശജർ മരണപ്പെട്ടുവെന്ന് കണക്കുകൾ പറയുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരായിരിന്നു. ബൈഡൻ പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇതേ കണക്ക് പരാമർശിക്കുന്നുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അന്ത്യത്തിന് ശേഷം രൂപംകൊണ്ട ആധുനിക തുർക്കി അർമേനിയൻ കൂട്ടക്കൊലയെ ഒരു വംശഹത്യ അംഗീകരിക്കാൻ ഇതുവരെ തയാറായിട്ടില്ല. മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് അമേരിക്കൻ പ്രസിഡന്റ് നടത്തിയിരിക്കുന്ന പ്രഖ്യാപനമെന്ന് അർമീനിയൻ അസംബ്ലി ഓഫ് അമേരിക്കയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രയാൻ അർദൂനി പറഞ്ഞു.

മറ്റ് പല അർമേനിയൻ സംഘടനകളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ അർമേനിയൻ കൂട്ടക്കൊലയെ ബൈഡൻ സർക്കാർ വംശഹത്യയായി അംഗീകരിച്ചതിനാൽ തുർക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുമെന്നു നിരീക്ഷണമുണ്ട്. അടുത്തിടെ ആയുധ വ്യാപാരം, സിറിയൻ പ്രതിസന്ധി തുടങ്ങിയ ഏതാനും വിഷയങ്ങളെപ്പറ്റി അമേരിക്കയും, തുർക്കിയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.  

 


  Source  pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions