News

ഒരുമാസം നീണ്ട ജപമാല യജ്ഞത്തിന് സമാപനം: കുരുക്ക് അഴിക്കുന്ന മാതാവിന്റെ മാധ്യസ്ഥം തേടി പാപ്പ

Added On: Jun 01, 2021

വത്തിക്കാന്‍ സിറ്റി: കുരുക്ക് അഴിക്കുന്ന മാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് മാർപാപ്പ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് വത്തിക്കാനിൽ സമാപനം കുറിച്ചു. ജർമനിയിലെ ഓഗ്സ്ബർഗിൽ നിന്നും കൊണ്ടുവന്ന കുരുക്ക് അഴിക്കുന്ന മാതാവിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്നാണ് സമാപന പ്രാർത്ഥനകൾക്ക് ഇന്നലെ മെയ് മുപ്പത്തിയൊന്നാം തീയതി വത്തിക്കാൻ ഉദ്യാനത്തിൽവെച്ച് പാപ്പ നേതൃത്വം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ വിവിധ ദിവസങ്ങളിലായി ജപമാല പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു. ഇന്നലെ മെയ് 31 വത്തിക്കാൻ ഉദ്യാനത്തിൽവെച്ച് പ്രദിക്ഷിണത്തോടെ സമാപന പ്രാർത്ഥനകൾ ആരംഭിച്ചു. ഓഗ്സ്ബർഗ് ബിഷപ്പ് ബർത്രം ജോഹന്നാസ് മേയറാണ് പ്രദിക്ഷിണത്തിന് നേതൃത്വം വഹിച്ചു. അദ്ദേഹത്തിന് പിന്നാലെ അടുത്തിടെ ദിവ്യകാരുണ്യം സ്വീകരിച്ച ഇറ്റാലിയൻ കുട്ടികളും, റോമിലെ സ്കൗട്ട് ഗ്രൂപ്പിലെ അംഗങ്ങളും നടന്നു നീങ്ങി.

ചിത്രത്തിൽ കാണുന്നതുപോലെ കുരുക്കഴിക്കുന്ന അമ്മയുടെ മുമ്പിൽ നാം ഒരുമിച്ചു കൂടിയിരിക്കുകയാണെന്നും യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെയും, നാം ചെയ്യുന്ന കാര്യങ്ങളെയും ബന്ധിക്കുന്ന നിരവധി കുരുക്കുകളുണ്ടെന്നും അവ സ്വാർത്ഥതയുടെയും,ഉദാസീനതയുടെയും, സാമ്പത്തികവും, സാമൂഹികവുമായ കുരുക്കുകളാണെന്നും പാപ്പ പറഞ്ഞു. ദൈവത്തെ അനുസരിച്ച് ഹവ്വയുടെ അനുസരണയില്ലായ്മയുടെ കുരുക്കിനെ അമ്മ അഴിച്ചു. അമ്മയുടെ വിശ്വാസത്തിലൂടെ ഹവ്വയുടെ വിശ്വാസമില്ലായ്മയുടെ കുരുക്കിനെയും അമ്മ അയച്ചു. ക്രിസ്തുവിന് ആനന്ദത്തോടെ സാക്ഷ്യം നൽകാൻ വേണ്ടി തങ്ങളെ അടിച്ചമർത്തുന്ന ഭൗതികതയുടെയും, ആത്മീയതയുടെയും കുരുക്കുകൾ അഴിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മാതാവിനോട് മാധ്യസ്ഥം യാചിച്ചു.

മെയ് മാസം ഒന്നാം തീയതി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ജപമാല യജ്ഞം ആരംഭിച്ചത്. പിന്നീട് ഇംഗ്ലണ്ടിലെ വാല്‍സിംഹാം, പോളണ്ടിലെ ജാസ്ന ഗോര, ഭാരതത്തിലെ വേളാങ്കണ്ണി തുടങ്ങിയവ അടക്കം വിവിധ ദിവസങ്ങളിൽ വിവിധ അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ജപമാല പ്രാർത്ഥന ക്രമീകരിച്ചിരിന്നു. ലക്ഷകണക്കിന് വിശ്വാസികളാണ് ഇതില്‍ പങ്കെടുത്തത്. ജർമ്മനിയിൽ പഠിക്കുന്ന കാലത്താണ് ഫ്രാൻസിസ് മാർപാപ്പ കുരുക്ക് അഴിക്കുന്ന മാതാവിന്റെ ചിത്രത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ജന്മരാജ്യമായ അർജൻറീനയിലും മാർപാപ്പ ആയതിനുശേഷം ലോകമെമ്പാടും കുരുക്ക് അഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരിന്നു.

 

Source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions