News

സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു

Added On: Jun 01, 2021

കാക്കനാട്: സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം മേയ് മാസം 29-ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക ചാനലുകളായ ശാലോം, ഷെക്കയ്നാ, ​ഗുഡ്നസ് എന്നിവയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ഉദ്ഘാടന സന്ദേശത്തിൽ വിശ്വാസത്തെക്കുറിച്ചുള്ള അറിവിൽ പരിപോഷിപ്പിക്കപ്പെടുക, കൗദാശിക ജീവിതത്തിൽ ആഴപെടുക, ഈശോയുടെ വ്യക്തിത്വത്തിൽ വളരുക, പ്രാർത്ഥനാ ജീവിതത്തിലുള്ള പരിശീലനം നേടുക, സമൂഹത്തിൽ ക്രിസ്തുവിന് സാക്ഷ്യം നല്കാൻ കുട്ടികളെ പ്രാപ്തരാക്കുക മുതലായ ദർശനങ്ങളാണ് വിശ്വാസ പരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് മേജർ ആർച്ചു ബിഷപ്പ് പറഞ്ഞു.

ദൈവവചനം പങ്കുവെക്കുന്നതിലൂടെ ഈശോയെ വ്യക്തി ജീവിതത്തിൽ സാക്ഷ്യപ്പെടുത്താൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയാണ് വിശ്വാസ പരിശീലനത്തിലൂടെ നാം ചെയ്യുന്നതെന്ന് വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടന സമ്മേളനത്തിൽ നല്കിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ടിവി ചാനലുകൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ ടെലിവിഷൻ ചാനലുകളുടെ സഹായത്തോടെ കേരളത്തിലെ വിവിധ രൂപതാ മതബോധന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ക്ലാസ്സുകൾ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് അറിയിച്ചു.

കിഡ്സ് വിഭാ​ഗം മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പുസ്തക പാഠാവലികളാണ് ഇത്തരത്തിൽ വീഡിയോ ഫോർമാറ്റിൽ തയ്യാറാക്കിയിട്ടുള്ളത്. ജൂൺ 6ന് വിശ്വാസ പരിശീലന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ നടക്കുന്നു. ജൂൺ 7 മുതൽ വിവിധ സമയക്രമങ്ങളിൽ മൂന്നു ടിവി ചാനലുകളിലൂടെയും വിശ്വാസ പരിശീലന ക്ലാസ്സുകൾ സംപ്രേഷണം ചെയ്യുമെന്നും ഇം​ഗ്ലീഷ് വിശ്വാസ പരിശീലന ക്ലാസ്സുകൾ ജൂൺ 21 മുതൽ സംപ്രേഷണം ആരംഭിക്കുമെന്നും സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാ​ഗതവും സി. ജിസ് ലറ്റ് എം.എസ്.ജെ നന്ദിയും പറഞ്ഞു. സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി, സി. പുഷ്പ എം.എസ്.ജെ, ബ്രദർ അലക്സ് വി.സി., കുര്യക്കോസ് തെക്കേപുറത്തുതടത്തിൽ എന്നിവർ ഉദ്ഘാടന പടിപാടിക്ക് നേതൃത്വം നല്കി.
 

 

Source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions