News

ചിലിയിൽ അരക്ഷിതാവസ്ഥ; ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം

Added On: Nov 10, 2019

സാന്‍റിയാഗോ: സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ നയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ചിലിയിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ഏതാണ്ട് ഒരു മാസമായി ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോ നഗരത്തിൽ സമാധാനപരമായ നടന്നുവന്നിരുന്ന പ്രതിഷേധം ഇന്നലെയാണ് അക്രമാസക്തമായി മാറിയത്. ഇതേ തുടര്‍ന്നു നിരവധി ക്രൈസ്തവ ദേവാലയങ്ങളും ഗ്രോട്ടോകളും തകര്‍ക്കപ്പെട്ടു. ഇതിനിടെ കറുത്ത മുഖംമൂടിയണിഞ്ഞ പ്രതിഷേധക്കാർ ലാ അസൻഷിയൻ എന്ന കത്തോലിക്കാ ദേവാലയം കൊള്ളയടിച്ചു.

യേശുവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധരുടെയും രൂപങ്ങൾ പരസ്യമായി കത്തിച്ച അക്രമികള്‍ വന്‍ നാശമാണ് ഉണ്ടാക്കിയത്. ഇടതുപക്ഷ അനുഭാവികളാണ് ദേവാലയം ആക്രമിച്ചതെന്ന്‍ വിലയിരുത്തപ്പെടുന്നു. ചിലിയുടെ യാഥാസ്ഥിതിക പ്രസിഡന്റായ സെബാസ്റ്റ്യൻ പിനേറ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ഇതുവരെ ഏകദേശം ഇരുപതോളം പേരാണ് പ്രതിഷേധ പ്രകടനങ്ങൾക്കിടെ മരണമടഞ്ഞത്.

 

Source: pravachavakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions