News

"പുല്‍ക്കൂട് മണിമന്ദിരങ്ങള്‍പോലെ പടുത്തുയര്‍ത്തുന്നതു ശരിയോ?": കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശം

Added On: Dec 20, 2019

വിശ്വാസവിഷയങ്ങള്‍ സാംസ്കാരിക രൂപങ്ങളായി പരിണമിക്കാറുണ്ട്. അപ്പോള്‍ അവ മതങ്ങളുടെ പരിധിയില്‍നിന്ന് സമൂഹത്തിന്‍റെ പൊതുമേഖലയിലേക്ക് പ്രവേശിക്കും. ഉത്സവങ്ങള്‍ അങ്ങനെ രൂപം കൊള്ളുന്നവയാണ്. ഉത്തരഭാരതത്തില്‍ ദീപാവലി, കേരളത്തില്‍ ഓണം എന്നിവ അങ്ങനെ രൂപം കൊണ്ടിട്ടുള്ള ഉത്സവങ്ങളാണ്. ക്രൈസ്തവരുടെ വിശ്വാസവിഷയമായ ക്രിസ്മസ് മനുഷ്യസമൂഹത്തിന്‍റെ മുഴുവന്‍ ഉത്സവമായി മാറിയിരിക്കുന്നു. ലോകജനസംഖ്യയില്‍ ഏകദേശം 33 ശതമാനം വരുന്ന ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്മസ് അപ്രകാരം മനുഷ്യര്‍ക്കു പൊതുവില്‍ ഉത്സവമായതു സ്വാഭാവികം തന്നെ.

ക്രിസ്മസ് ഉത്സവമായപ്പോള്‍ അതിന്‍റെ അര്‍ത്ഥത്തിനുതന്നെ പൊതുജനധാരണയില്‍ വ്യത്യാസം വന്നിട്ടുണ്ട്. ക്രിസ്മസ് സാന്താക്ലോസിന്‍റെ ആഘോഷമായി കരുതുന്നവരുണ്ട്. സാന്താക്ലോസുമാരുടെ അവതരണങ്ങളാണു ക്രിസ്മസിനോടനു ബന്ധിച്ച് വീടുകളുടെയും കടകളുടെയും അലങ്കാരങ്ങളില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളില്‍ ആവിര്‍ഭവിച്ച ഒരു വിനോദമാണ് ഇതിന്‍റെ പിന്നിലുള്ള ചരിത്രം. വി. നിക്കോളാവോസ് കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ ക്രിസ്മസ് രാത്രിയില്‍ അവരറിയാതെ ഒളിപ്പിച്ചുവയ്ക്കുകയും അതു കുട്ടികള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരു വിനോദം യൂറോപ്പില്‍ രൂപപ്പെട്ടു. സമ്മാനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നത് കുട്ടികളുടെ മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ആയിരിക്കുമെന്നതാണ് സത്യം. ക്രമേണ, ഈ വിനോദം ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. വി.നിക്കോളാവോസിനെ ചുറ്റിപ്പറ്റി ഉണ്ടായ ഈ പതിവാണ് സാന്താക്ലോസിനെ ക്രിസ്മസിന്‍റെ സൂപ്പര്‍ താരമാക്കിയത്. ക്രിസ്മസിനോടനുബന്ധിച്ച് ഒരു കച്ചവടസംസ്കാരവും ഉയിര്‍ക്കൊണ്ടിട്ടുണ്ട്. സൗഹൃദം പുതുക്കാന്‍ സമ്മാനങ്ങള്‍ കൈമാറുക ആഘോഷത്തിന്‍റെ ഭാഗമാണല്ലോ. ഇതു നല്ലതാണെങ്കിലും ഇന്നതിന് ആര്‍ഭാടത്തിന്‍റെ മുഖമാണുള്ളത്. ക്രിസ്മസിന്‍റെ ആഘോഷങ്ങളില്‍ ധനം ധൂര്‍ത്തടിക്കുന്ന അനേകരുണ്ട്; ഇതിനെ മുതലെടുക്കുന്ന കച്ചവടക്കാരും. തډൂലം, ക്രിസ്മസ് ബാഹ്യയാഘോഷങ്ങളുടെ ഉത്സവമായി മാത്രം പൊതുവില്‍ കരുതപ്പെടുന്നു.

ക്രൈസ്തവര്‍ ക്രിസ്മസിന്‍റെ ആത്മീയവശം മനസ്സിലാക്കുന്നില്ലെങ്കില്‍ അതു വിശ്വാസവിലോപമായിരിക്കും. കര്‍ത്താവായ ക്രിസ്തു മനുഷ്യനായി അവതരിച്ചതു മനുഷ്യനെ ദൈവികനാക്കാനാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ക്രൈസ്തവസഭയുടെ എക്കാലവുമുള്ള പ്രബോധനം ഇതുതന്നെയാണ്. മനുഷ്യനു തനിച്ച് ദൈവത്തെ പ്രാപിക്കാന്‍ കഴിവില്ലാത്തതിനാല്‍ ദൈവം തന്‍റെ ഏകജാതനിലൂടെ മനുഷ്യജډമെടുത്ത് ഈ ഭൂമിയില്‍ അവതരിക്കുവാനും ജീവിക്കുവാനും മനുഷ്യര്‍ക്കുവേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിക്കുവാനും വന്നു എന്ന രക്ഷയുടെ സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. അതിനാല്‍, യേശുവിന്‍റെ ജനനത്തിലും ജീവിതത്തിലും പ്രകടമായ ലാളിത്യവും സ്നേഹസമര്‍പ്പണവും ക്രിസ്മസിന്‍റെ മുഖമുദ്രയാകണം.

പുല്‍ക്കൂട്ടില്‍ പിറന്നവന്‍റെ പേരില്‍ പണം ദുര്‍വ്യയം ചെയ്യുന്നത് വിരോധാഭാസമല്ലേ? പുല്‍ക്കൂട് തന്നെ മണിമന്ദിരങ്ങള്‍പോലെ പടുത്തുയര്‍ത്തുന്നതു ശരിയോ? വിനയത്തിന്‍റെ മാതൃകയായി പിറന്നവന്‍റെ പേരില്‍ നാം വമ്പു കാണിക്കുന്നതില്‍ എന്ത് അര്‍ത്ഥം? മനുഷ്യനോടു സഹവസിക്കാന്‍ മനുഷ്യരൂപമെടുത്ത ദൈവപുത്രന്‍റെ മനോഭാവമാണ് നമുക്ക് ഉണ്ടാകേണ്ടത്. ڇദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.

ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തുڈ (ഫിലിപ്പി 2, 6-9). ഇപ്രകാരം സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയില്‍ നമ്മെത്തന്നെ വിനയമുള്ളവരാക്കി സ്വയം സമര്‍പ്പിക്കാന്‍ നമുക്കു സാധിക്കണം. അപ്പോള്‍ നാമും ദൈവത്താല്‍ ഉയര്‍ത്തപ്പെടും. സേവനത്തിന്‍റെയും ശുശ്രൂഷയുടെയും മാതൃക ജീവിതത്തില്‍ ഏറ്റുവാങ്ങാന്‍ ക്രിസ്മസ് നമ്മെ പ്രചോദിപ്പിക്കട്ടെ.

കാലിത്തൊഴുത്ത് ഭൂമിയുടെ പ്രതീകമാണ്. ഈ ഭൂമിയുടെ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ കാലിത്തൊഴുത്ത് നമ്മോടു പറയുന്നുണ്ട്. അതിനെ സങ്കീര്‍ണമാക്കുന്ന എല്ലാറ്റിലും നിന്ന് നാം പിന്തിരിയണം. കൃഷിക്ക് രാസവളങ്ങള്‍ ആവര്‍ത്തിച്ചുപയോഗിച്ച് അതിന്‍റെ ജൈവസ്വഭാവം നാം നഷ്ടപ്പെടുത്തുന്നു. വായു, ജലം എന്നിവയുടെ മലിനീകരണവും പരിസ്ഥിതിയെ രോഗാതുരതമാക്കുന്നു; മനുഷ്യന്‍ പുതിയ പുതിയ രോഗങ്ങള്‍ക്ക് വിധേയനാകുന്നു. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ വര്‍ദ്ധനവ് ഭൂമിയുടെ താപനിലയെ ബാധിക്കുന്നു. പ്രകൃതിക്ഷോഭങ്ങള്‍ രൂക്ഷമാകുന്നു.

വരള്‍ച്ച, അതിവര്‍ഷം, പ്രളയം എന്നിവ ക്രമാതീതമാകുന്നു. ഭൂമിയുടെ ലോലപ്രദേശങ്ങള്‍ക്കു താങ്ങാനാവാത്ത സിമന്‍റ് കൊട്ടാരങ്ങള്‍ അതിന്‍റെ സന്തുലതാവസ്ഥയെ ഭ്രമിപ്പിക്കുന്നു. ഭൂമിയുടെ പ്രകൃതിയെ ലാളിത്യത്തിലേക്കു തിരിച്ചുപിടിക്കാന്‍ മനുഷ്യന്‍ ഭഗീരഥപ്രയ്തനം നടത്തേണ്ടിയിരിക്കുന്നു. അതിനു ക്രിസ്തുമസ് നമ്മെ നിര്‍ബന്ധിക്കണം. സാമൂഹ്യസമ്മര്‍ദങ്ങളുടെ നടുവിലാണ് യേശുവിന്‍റെ ജനനം. ജനസംഖ്യാ കണക്കിനുവേണ്ടി ഗര്‍ഭിണിയായ മറിയം ബത്ലഹത്തേക്കു യാത്രയാകുന്നു.

കാലിത്തൊഴുത്തിന്‍റെ പ്രാതികൂല്യങ്ങളില്‍ മറിയം ഉണ്ണിയെ പ്രസവിക്കുന്നു. ഉണ്ണിയുടെ ജീവന് ഹേറോദേസിന്‍റെ ഭീഷണി ഉണ്ടാകുന്നു. ഈജിപ്തില്‍ തിരുക്കുടുംബം അഭയാര്‍ത്ഥികളാകുന്നു. ഈ കാലഘട്ടത്തിലെ അഭയാര്‍ത്ഥിയുടെ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയവനാണ് യേശു. എല്ലാ ജീവിതസാഹചര്യങ്ങളിലും യേശുവാണ് മനുഷ്യനു രക്ഷപകരുന്ന ശക്തി. യേശു ഇന്നും ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു, ഉയിര്‍ക്കുന്നു സډനസ്സുള്ള മനുഷ്യരിലൂടെ. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം, ഭൂമിയില്‍ സുമനസ്സുകള്‍ക്കു സമാധാനം!

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്)

 

 source  pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions