"യേശുക്രിസ്തുവിനോട് ഐക്യപ്പെടാൻ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അവന്റെ മരണത്തിനു സദൃശ്യമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിനു സദൃശ്യമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും" (റോമാ 6:3,5).
"യേശു ഏകരക്ഷകൻ" എന്നത് ക്രൈസ്തവ വിശ്വാസത്തിലേക്ക് മനുഷ്യരെ ആകർഷിക്കാനുള്ള ഒരു ആപ്തവാക്യമല്ല. അത് ഓരോ മനുഷ്യനും തിരിച്ചറിയേണ്ടതും മാറ്റമില്ലാത്തതുമായ ഒരു സത്യമാണ്. ലോകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്ന ഒരു വ്യക്തി എങ്ങനെയാണ് രക്ഷിക്കപ്പെടുന്നത് എന്നത് നാം വ്യക്തമായി മനസ്സിലാക്കണം.
പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ ക്രിസ്തു മനുഷ്യനായി അവതരിച്ചു, പീഡകൾ സഹിച്ചു കുരിശിൽമരിക്കുകയും, സംസ്കരിക്കപ്പെടുകയും, ജീർണിക്കാത്ത ശരീരത്തോടു കൂടി കബറിടത്തിനുള്ളില്‍ വസിക്കുകയും, മൂന്നാംനാൾ ഉത്ഥാനം ചെയുകയും, അതിനുശേഷം സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. ക്രിസ്തുവിന്റെ ഭൗമികജീവിത കാലത്തു ജീവിച്ചിരുന്ന മനുഷ്യർ ഈ സംഭവങ്ങൾ അവരുടെ കണ്ണുകൾകൊണ്ടു കണ്ടു. മാനുഷികമായ ഭാഷയിൽ അവിടുത്തോടു സംസാരിച്ചു. മാനുഷികമായ കരങ്ങൾകൊണ്ട് അവിടുത്തെ സ്പർശിച്ചു. രണ്ടായിരം വർഷങ്ങൾക്കു മുൻപുനടന്നതെങ്കിലും ഈ ക്രിസ്തു സംഭവം ഒരിക്കലും അവസാനിക്കുന്നില്ല. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യരുടെയും രക്ഷ ഈ ക്രിസ്തുസംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മാമ്മോദീസയുടെ ആദിമവും പൂര്‍ണ്ണവുമായ രൂപം വെള്ളത്തില്‍ മുങ്ങലാണ്. ഒരു മനുഷ്യൻ, പുതിയ ജീവിതത്തിനായി ക്രിസ്തുവിനോടോപ്പം പാപത്തിനു മരിക്കാൻ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ മാമ്മോദീസാ ഫലപ്രദമായ വിധത്തില്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിനോടുകൂടെ മരണത്തിലേക്ക് സംസ്ക്കരിക്കപ്പെടുന്നു. പിതാവിന്‍റെ മഹത്വത്താല്‍ മിശിഹാ മരിച്ചവരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ടതു പോലെ ഈ വ്യക്തിയും ഒരു പുതിയ ജീവിതം നയിക്കുന്നതിന് വേണ്ടിയാണിത്.
മാമ്മോദീസാ സ്വീകരിക്കുന്ന ഒരു വ്യക്തി ക്രിസ്തുവിന്റെ മരണത്തോട് സവിശേഷമാം വിധം ഐക്യപ്പെടുന്നു. ക്രിസ്തുവിന്റെ പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷ ദൗത്യത്തിന്‍റെ പൂര്‍ണ്ണമായ നിറവേറ്റലാണ്. ഇത് യേശുവിന്‍റെ മെസ്സയാനിക ദൗത്യത്തിന്‍റെ അന്തിമ ഘട്ടമാണ്. കാലത്തെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ് കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്കും വ്യാപിക്കുന്നു. ഈ രക്ഷ സ്വീകരിക്കുവാൻ മനുഷ്യൻ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറയുകയും മാമ്മോദീസ സ്വീകരിക്കുകയും ചെയ്യണം. കാരണം മാമ്മോദീസ സ്വീകരിക്കുന്നവരെല്ലാം ക്രിസ്തുവിന്‍റെ വീണ്ടെടുപ്പില്‍ ഭാഗഭാക്കുകളാക്കപ്പെടുന്നു.
വിചിന്തനം
മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവര്‍ ജീവിക്കുന്നതിനും വേണ്ടി ക്രിസ്തു മരണത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. "ജീവന്‍റെ കര്‍ത്താവായ" യേശു മരണം വരിച്ചു കൊണ്ട് മരണത്തിന്‍മേല്‍ അധികാരമുള്ളവനെ അതായത് പിശാചിനെ നശിപ്പിക്കുകയും മരണ ഭീതിയാല്‍ ജീവിത കാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോച്ചിപ്പിക്കുകയും ചെയ്തു. അതിനാൽ ക്രിസ്തുവിന്റെ മരണത്തോട് ഐക്യപ്പെട്ടുകൊണ്ട് മാമ്മോദീസ സ്വീകരിക്കേണ്ടത് രക്ഷപ്രാപ്തിക്ക് അത്യാവശ്യമാണ്. യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഒരു വ്യക്തിയെ, പരിശുദ്ധാത്മാവിന്റെ ആലയവും ഒരു പുതിയ സൃഷ്ടിയുമായി മാറ്റിക്കൊണ്ട് മാമ്മോദീസ ആ വ്യക്തിയിൽ മായ്ക്കാനാവാത്ത ഒരു മുദ്ര പതിക്കുന്നു. രക്ഷയുടെ ഈ മുദ്ര സ്വീകരിച്ചവർ എത്രയോ ഭാഗ്യവാന്മാർ.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Source pravachakasabdam
Severity: Warning
Message: count(): Parameter must be an array or an object that implements Countable
Filename: home/news_details.php
Line Number: 66
Backtrace:
File: /home/webixels/public_html/syro_malabar/application/views/home/news_details.php
Line: 66
Function: _error_handler
File: /home/webixels/public_html/syro_malabar/application/views/home/page.php
Line: 4
Function: view
File: /home/webixels/public_html/syro_malabar/application/traits/common_view_loader.php
Line: 7
Function: view
File: /home/webixels/public_html/syro_malabar/application/controllers/Home.php
Line: 253
Function: view
File: /home/webixels/public_html/syro_malabar/index.php
Line: 315
Function: require_once