News

കർദ്ദിനാൾ പെൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു: നന്ദി അറിയിച്ച് പാപ്പ

Added On: Oct 15, 2020

വത്തിക്കാൻ സിറ്റി: കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന വ്യാജ ആരോപണത്തെ തുടർന്ന് തടവിലാകുകയും പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെ വിടുകയും ചെയ്ത ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ്ജ് പെൽ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയാണ് 79 വയസ്സുകാരനായ പെൽ പാപ്പയെ കണ്ടത്. തന്നെ കാണാൻ എത്തിയതിന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പെല്ലിനോട് നന്ദി പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച് മറ്റു വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടിട്ടില്ല. കൂടിക്കാഴ്ച നന്നായിരുന്നുവെന്ന് വത്തിക്കാനിലെ മാധ്യമപ്രവർത്തകരോട് കർദ്ദിനാൾ പിന്നീട് പറഞ്ഞു.

വത്തിക്കാനിലെ സാമ്പത്തിക വിഭാഗത്തിന്റെ പ്രിഫക്റ്റായി സേവനം ചെയ്തു വരുന്നതിനിടയിലാണ് കർദ്ദിനാൾ പെൽ കുറ്റാരോപിതനാകുന്നത്. തുടർന്ന് 2017ൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് വിചാരണ നേരിടാനായി മടങ്ങി. 400 ദിവസം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. ആറു വർഷത്തെ ശിക്ഷയാണ് ജോർജ്ജ് പെല്ലിന് കോടതി വിധിച്ചതെങ്കിലും കഴിഞ്ഞ ഏപ്രിൽ ഏഴാം തീയതി തെളിവുകളുടെ അഭാവത്തിൽ ഓസ്ട്രേലിയൻ ഹൈക്കോടതി കർദ്ദിനാളിനെ വെറുതെ വിടുകയായിരുന്നു. ഇതേദിവസം അന്യായമായി ശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർക്കുവേണ്ടി ജോർജ് പെല്ലിന്റെ പേര് പരാമർശിക്കാതെ മാർപാപ്പ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘം തലവൻ കർദിനാൾ ആഞ്ചലോ ബെച്യു സെപ്റ്റംബർ 24നു രാജിവെച്ചതിനു പിന്നാലെയാണ് കർദ്ദിനാൾ പെൽ വത്തിക്കാനിൽ എത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. എന്നാൽ കർദ്ദിനാൾ ബെച്യുവിന്റെ രാജിയും, കർദ്ദിനാൾ ജോർജ്ജ് പെല്ലിന്റെ സന്ദർശനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വ്യക്തമാക്കി.

 

Source pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions