News

ജോസഫ് - ലാളിത്യം ജീവിത വ്രതമാക്കിയവൻ

Added On: Dec 29, 2020

ജോസഫ് - ലാളിത്യം ജീവിത വ്രതമാക്കിയവൻ

നമ്മളെ ഇന്നു വഴി നടത്തുന്ന ചൈതന്യം യൗസേപ്പിതാവിൻ്റെ ലാളിത്യമാണ്. ലാളിത്യം യൗസേപ്പിൻ്റെ അലങ്കാരവും കരുത്തുമായിരുന്നു. ലാളിത്യം എന്നത് യൗസേപ്പിതാവിന് പ്രവൃത്തിയേക്കാള്‍ അതൊരു ജീവിതരീതിയും മനോഭാവവുമായിരുന്നു. പൂര്‍ണ്ണതയുടെ നവവും ആഴമായ അര്‍ത്ഥവും ഗ്രഹിക്കുവാന്‍ ലാളിത്യം വളരെ അത്യാവശ്യമാണ്. ലളിതമായി ജീവിക്കുക എന്നാൽ ഒരു ആത്മപരിത്യാഗ്യം മാത്രമല്ല, മറിച്ചു മറ്റുള്ളവരിലേയ്ക്കു ഉദാരപൂര്‍വ്വം കടന്നുചെല്ലാനുള്ള വാതിലുമാണ്. 

ലാളിത്യം ക്രിസ്തീയ ജീവിതത്തിനു സൗന്ദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണതകളിലും ജീവൻ്റെ സൗന്ദര്യവും വിശുദ്ധിയും ആഘോഷിക്കണമെങ്കിൽ ലാളിത്യം കൂടിയെ തീരു. ഈശോയുടെ ജനന തിരുനാളിനൊരുങ്ങുന്ന ആഗമനകാലം ഒരു ലളിത ജീവിതചര്യയാണ്. എളിയവനാകുമ്പോൾ, ലാളിത്യം പുലർത്തുമ്പോൾ, പുൽക്കൂട്ടിലെ ഉണ്ണീശോയോടു നാം കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ദൈവത്തോടൊത്തുള്ള ജീവിതമാണ് ലളിത ജീവിതത്തിൻ്റെ സൗന്ദര്യം. 

ദൈവം അടുത്തുള്ളപ്പോൾ നമ്മുടെ ജീവിതം സുന്ദരവും കാഴ്ചകൾ വിശുദ്ധവും കാഴ്ചപ്പാടുകൾ വിശാലവും ആകും. ലളിത ജീവിതം നയിച്ച യൗസേപ്പിൻ്റെ ജീവിതം മറ്റുള്ളവർക്ക് അനുകരണീയമായെങ്കിൽ അതിനുള്ള ഏക കാരണം അദ്ദേഹം ദൈവത്തോടൊപ്പം സഞ്ചരിച്ചതുകൊണ്ടാണ്. ലാളിത്യം ജീവിത വ്രതമാക്കിയ യൗസേപ്പിതാവ് നമ്മുടെ ജീവിതത്തെയും സുന്ദരമാക്കട്ടെ.

 ജോസഫ് - അനുസരണയുള്ള പിതാവ്

അനുസരണയുള്ള യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. അനുസരണയുള്ള മക്കളെപ്പറ്റി നാം കേട്ടിട്ടുണ്ട്. അനുസരിക്കുന്ന പിതാവ് അതാണ് വിശുദ്ധ യൗസേപ്പിൻ്റെ അനന്യത, ആ വിശുദ്ധ ജിവിതത്തിൻ്റെ മഹത്വം. 2020 സെപ്‌റ്റംബർ മാസം ഇരുപത്തിയേഴാം തീയതിയിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിലെ വചന സന്ദേശത്തിൽ അനുസരണം സമ്മതം മൂളലല്ല, കർമ്മമാണ്, ദൈവരാജ്യ നിർമ്മിതിയാണ്, എന്നു ഫ്രാൻസീസ് പാപ്പ ഉദ്ബോധിപ്പിക്കുകയുണ്ടായി. യൗസേപ്പിതാവിൻ്റെ ജീവിതം വെറും സമ്മതം മൂളലിൻ്റേതായിരുന്നില്ല. അതു ദൈവത്തിനു വേണ്ടിയുള്ള കർമ്മമായിരുന്നു. അത്തരം ജീവിത ശൈലിയിൽ തിന്മയോക്കോ അസത്യത്തിനോ സ്വാർത്ഥതയ്ക്കോ സ്ഥാനമില്ല, പരോമുഖതയാണ് ലക്ഷ്യം. 

ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം എന്നു യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു. ദൈവാരൂപിയാൽ നയിക്കപ്പെടുമ്പോൾ യൗസേപ്പിനെപ്പോലെ നാമും അനുസരണയുള്ളവരും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരുമായി നാം മാറുന്നു. അതുവഴി അനുസരണം രക്ഷയിലേക്കുള്ള തുറന്ന മാര്‍ഗ്ഗമായി തീരുന്നു. 

ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽ, "അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും." (ഏശയ്യാ 1:19 ) എന്നു നാം വായിക്കുന്നു. തിരു കുടുബത്തിൻ്റെ ഐശ്വര്യം അനുസരണയുള്ള യൗസേപ്പായിരുന്നു. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ ഭൂമിയില്‍ നാം കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും മനോഹരവും, സാധാരണവും, സമാധാനമുള്ളതും, സന്തോഷപൂര്‍ണ്ണവുമായ കുടുബം തിരുകുടുംബമായിരുന്നു. ദൈവ വചനത്തോടും ദൈവഹിതത്തോടുമുള്ള യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും സമ്പൂര്‍ണ്ണ വധേയത്വമായിരുന്നു അതിനു നിദാനം. അനുസരണ വിജയത്തിന്റെ മാതാവും സുരക്ഷിതത്വത്തിന്റെ പത്നിയുമാണ് എന്ന ഗ്രീക്ക് പഴമൊഴിയും നമുക്കു ഓർമ്മിക്കാം. 

ജോസഫ് - പിശാചുക്കളുടെ പരിഭ്രമം

ജോസഫ് നീതിമാനായിരുന്നു, ആ നീതിമാനെ സ്വാധീനിക്കാൻ സാത്താൻ പല വിധത്തിലും പരിശ്രമിച്ചെങ്കിലും തോറ്റു പിന്മാറാനായിരുന്നു വിധി. വി.യൗസേപ്പിതാവിനോടുള്ള ലുത്തിനിയായിൽ ജോസഫിനെ പിശാചുക്കളുടെ പരിഭ്രമമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ആത്മീയ ജീവിതം സാത്താനുമായുള്ള ഒരു തുറന്ന യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം വരിക്കാൻ നമുക്കാകണമെങ്കിൽ ശക്തമായ സൈന്യ ബലം വേണം. ഈ പോരാട്ടത്തിനു നേതൃത്വം വഹിക്കാൻ അനുഭവസമ്പത്തും വിവേചനാശക്തിയുമുള്ള ഒരാളുണ്ടായാൽ വിജയം സുനിശ്ചയം. വിശുദ്ധ യൗസേപ്പിനു നമ്മുടെ ആത്മീയ ജീവിതത്തെ ഭരമേല്പിച്ചാൽ നരകം പരിഭ്രമിക്കും. 

വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥ്യം ആശ്രയിക്കുന്നതും മധ്യസ്ഥം തേടുന്നതും നരകത്തെ പരിഭ്രമിപ്പിക്കും, കാരണം ഈശോയുടെ വളർത്തപ്പൻ ഉള്ളിടത്ത് തിരുക്കുടുംബത്തിൻ്റെ സാന്നിധ്യവും സംരക്ഷണവുമുണ്ട്. പിശാചിനു യൗസേപ്പിനെ കീഴ്പ്പെടുത്താനുള്ള ഒരു ശക്തിയുമില്ല എന്നു വിശുദ്ധ ഫൗസ്റ്റീനാ തൻ്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ജിവിതത്തിൽ പരീക്ഷണങ്ങളും പ്രലോഭനങ്ങളും വരിഞ്ഞുമുറുക്കുമ്പോൾ അവയെ അതിജീവിക്കാനായി യൗസേപ്പിതാവിൻ്റെ പക്കലക്കു തിരിയുക. ജിവിത കാലത്ത് പിശാചിൻ്റെ പ്രലോഭനങ്ങളെ ദൈവാശ്രയം കൊണ്ടു തകർത്തെറിഞ്ഞ ജോസഫിനെ ഇന്നും നരകത്തിനു പേടിയാണ്. 

ജോസഫ് - ഭയത്തെ കീഴടക്കിയവൻ

ജീവിതത്തിൽ ദൈവഹിതം നിറവേറ്റണമെങ്കിൽ സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കാനുള്ള അസാമാന്യമായ ധൈര്യം അത്യന്ത്യാപേഷിതമാണ്. യഥാർത്ഥത്തിൽ ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ കീഴടക്കുന്ന അവസ്ഥയാണ്‌ ധൈര്യം. എങ്ങനെയാണ് യൗസേപ്പ് ഭയത്തെ കീഴടക്കിയത് അത് സ്നേഹം കൊണ്ടാണ്. യൗസേപ്പിതാവിൻ്റെ ജീവിതം ധീരതയുടെ മറുവാക്കാകുന്നത് ഈ അർത്ഥത്തിലാണ്. ജീവിതത്തില്‍ ദൈവത്തിൻ്റെ സാന്നിധ്യവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്തതാണ് ഭയം ഉണ്ടാകാന്‍ കാരണം. ദൈവഹിതം തിരിച്ചറിഞ്ഞു ദൈവത്തോടൊത്തു യാത്ര ചെയ്ത യൗസേപ്പ് ഭയത്തെ കീഴപ്പെടുത്തി എന്നതിൽ അതിശയോക്തിയില്ല. 

ക്രൈസ്തവ ജീവിതം ധീരത നമ്മിൽ നിന്നാവശ്യപ്പെടുന്ന ഒരു ജീവിത ശൈലിയാണ്. ചിലപ്പോൾ ആ യാത്രയിൽ നമ്മൾ ഏകനായിരിക്കും അധിക്ഷേപങ്ങളും പരിഹാസങ്ങളും മാത്രമായിരിക്കും കൂടെപ്പിറപ്പുകൾ. ഇതിനിടയിൽ മനസ്സു പതറാതെ കാലുകൾ ഇടറാതെ മുന്നോട്ടു പോകണമെങ്കിൽ ധൈര്യം ആവശ്യമാണ്. ധൈര്യമുള്ളവർക്കേ ജീവിതത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ കഴിയു. യൗസേപ്പ് പിതാവ് ഉറച്ച നിലപാടുകൾ ഉള്ള മനുഷ്യനായിരുന്നു. 

പുൽകൂട്ടിലെ ഉണ്ണിയേശുവിനെ നോക്കി നീങ്ങുന്ന ഈ സമയത്തു യൗസേപ്പിതാവിൻ്റെ ധൈര്യം സ്വന്തമാക്കി നമുക്കു മുന്നോട്ടു നീങ്ങാം. ജീവിതത്തെ സ്നേഹം കൊണ്ടു നിറയ്ക്കുക. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 31 : 24) എന്ന സങ്കീർത്തന വചനം നമുക്കു ശക്തി പകരട്ടെ. 

ജോസഫ് - നോവുകൾക്കിടയിലും പുഞ്ചിരിച്ച അപ്പൻ

"സത്യം ശിവം സുന്ദരം" എന്ന മലയാള ചലച്ചിത്രത്തിനുവേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച "സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം" എന്ന ഗാനം അപ്പനെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയ ഗാനമാണ്. ഈ ഗാനത്തിലെ രണ്ടു വരി ഇന്നത്തെ ജോസഫ് ചിന്തയുടെ ഭാഗമാക്കാം. "ഒരുപാടുനോവുകൾക്കിടയിലും പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ." 

നോവുകൾക്കിടിയിലും പുഞ്ചിരിച്ചിറകു വിടർത്തിയ പിതാവായിരുന്നു ജോസഫ്. രക്ഷകരചരിത്രത്തിൻ്റെ ഭാഗമായതോടെ നോവുകൾ അവൻ സ്വയം വഹിച്ചു. ഉണ്ണിയേശുവിൻ്റെയും മറിയത്തിൻ്റെയും മുഖങ്ങളിൽ നിന്നു പുഞ്ചിരി മറയാതിരിക്കാൻ ത്യാഗങ്ങൾക്കിടയിലും ജോസഫ് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ മറിയവും ഉണ്ണിയേശുവും സുരക്ഷിതത്വവും സ്വസ്ഥതയും അനുഭവിച്ചു. 

അട്ടഹാസങ്ങൾ അഹങ്കാരത്തിൻ്റെയും അരക്ഷിതാവസ്ഥയുടേതും പര്യായമാകുമ്പോൾ നിർമ്മലമായ പുഞ്ചരി കരുതലും സൗഖ്യവും സമ്മാനിക്കും. സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോഴും പരിമിതികൾക്കിടയിലും മറ്റുള്ളവർക്കു ബഹുമാനവും ഔന്നത്യവും നൽകുന്ന പുഞ്ചിരി സമ്മാനിക്കുന്നവർ പുതിയ നിയമത്തിലെ ജോസഫിൻ്റെ പിൻമുറക്കാരാണ്. 

ജോസഫ് - സ്ത്രീകളുടെ കാവൽക്കാരൻ

ദിവസത്തിൽ മൂന്നു പ്രാവശ്യം കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലുവാൻ സഭ വിശ്വാസികളോട് ആവശ്യപ്പെടുന്നു. മറിയത്തിൻ്റെ ഫിയാത്തിൻ്റെ ഓദ്യോഗിക പ്രാർത്ഥനാ രൂപമാണ് കർത്താവിൻ്റെ മാലാഖ. ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനത്തിൽ ജോസഫിൻ്റെ ഫിയാത്തിനെപ്പറ്റി പറയുന്നു. ജോസഫ് മറിയത്തെ വ്യവസ്ഥകളില്ലാതെ സ്വീകരിച്ചതുവഴി മാലാഖയുടെ വാക്കുകളിൽ ജോസഫ് വിശ്വസിക്കുകയായിരുന്നു എന്നു ഫ്രാൻസീസ് പാപ്പ പഠിപ്പിക്കുന്നു. 

സ്നേഹമെന്ന നിയമം മാത്രമായിരുന്നു ജോസഫിൻ്റ ജീവിതം നയിച്ചിരുന്നത്. മറിയത്തെ അപമാനിതയാക്കാതെ സ്വീകരിക്കാൻ തയ്യാറായ ജോസഫല്ലാതെ ആരാണ് സ്ത്രീത്വത്തിൻ്റെ കാവൽക്കാരനാകാൻ യോഗ്യൻ. മാനസികമായും ശാരീരികമായും വാചികമായും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ പ്രകടമായി അരങ്ങേറുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യനായി ജോസഫ് എല്ലാ കാലത്തും നിലകൊള്ളുന്നു. 

ദൈവവചനത്തോടു നിഷ്ക്രിയമായ ഒരു സഹകരണമായിരുന്നില്ല ജോസഫിനു ഉണ്ടായിരുന്നത്. ധീരവും ദൃഢചിത്തമുള്ളതുമായിരുന്നു ജോസഫിൻ്റെ ഇടപെടലുകൾ. സ്ത്രീകളെ, ജോസഫ് വർഷത്തിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. നിങ്ങളുടെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ആദരിക്കുന്ന പരിപാലിക്കുന്ന ഒരു അപ്പൻ നിങ്ങളുടെ കൂടെയുണ്ട്. അവൻ മറിയത്തിൻ്റെ ഭർത്താവും ഈശോയുടെ വളർത്തപ്പനും എല്ലാ സ്ത്രീകളുടെയും സംരക്ഷകനായ ജോസഫാണ്. ആ നല്ല പിതാവിനെ മറക്കരുതേ. 

 

ഉറങ്ങുന്ന ജോസഫ് നൽകുന്ന പാഠങ്ങൾ

ഫ്രാൻസീസ് പാപ്പയ്ക്കു ഏറ്റവും പ്രിയപ്പെട്ട ഉറങ്ങുന്ന വിശുദ്ധ ജോസഫിനെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. 2015 ൽ ഫ്രാൻസീസ് പാപ്പ ഫിലിപ്പിയൻസ് സന്ദർശനവേളയിൽ ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ രൂപം തനിക്കു എന്തുകൊണ്ട് പ്രിയപ്പെട്ടതായി എന്നു പറയുന്നു. "എനിക്കു വിശുദ്ധ യൗസേപ്പിതാവിനോടു വലിയ സ്നേഹമുണ്ട്, കാരണം അവൻ നിശബ്ദതയുടെയും ധൈര്യത്തിൻ്റെ മനുഷ്യനാണ്. എൻ്റെ മേശപ്പുറത്ത് ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ ഒരു രൂപമുണ്ട്. ഉറങ്ങുമ്പോഴും അവൻ സഭയെ സംരക്ഷിക്കുന്നു!" 

ജോസഫ് ഏറ്റവും നിശബ്ദനായിരിക്കുന്ന സമയത്താണ്, അതായത് അവൻ ഉറങ്ങുമ്പോഴാണ് ദൈവം ഏറ്റവും സവിശേഷമായ രീതിയിൽ ജോസഫിനോട് സംസാരിക്കുന്നത്. സ്വപ്നത്തിൽ ദൈവം ജോസഫിനോടു മറിയത്തെ ഭാര്യയായി സ്വീകരിക്കാനും, ഹേറോദോസിൽ നിന്നു രക്ഷപ്പെടാൻ ഈജിപ്തിലേക്കു പലായനം ചെയ്യുവാനും, ഭീഷണി തീർന്നപ്പോൾ നസ്രത്തിലേക്ക് തിരികെ വരാനും ആഹ്വാനം ലഭിക്കുന്നു. 

ദൈവം സാധാരണയായി നമ്മോട് അത്ര നേരിട്ടും നാടകീയമായും സംസാരിക്കുന്നില്ലെങ്കിലും നമ്മൾ ആന്തരികമായി നിശബ്ദമാകുന്ന സന്ദർഭങ്ങളിൽ അവൻ പലപ്പോഴും സംസാരിക്കാറുണ്ട് അവ ഹൃദയം കൊണ്ട് ശ്രവിക്കുക. ജോസഫിനു മൂന്നു സ്വപ്നങ്ങളുണ്ടായി, മൂന്നു തവണയും ഉടൻ തന്നെ അവനു ലഭിച്ച നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചു.ദൈവം സ്വരം കേൾക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങളും അഭിരുചികളും മാറ്റി വച്ച് ഹൃദയങ്ങളിൽ മന്ത്രിക്കുന്ന ദൈവ സ്വരത്തോടു ചേർന്ന് പ്രവർത്തിക്കാൻ യൗസേപ്പിതാവു ആവശ്യപ്പെടുന്നു. 

ഫിലിപ്പിയൻസിൻവച്ചു നടന്ന സമ്മേളനത്തിൻ താൻ വിശുദ്ധ യൗസേപ്പിനോടു ഏങ്ങനെ സംവദിക്കുന്നു എന്നതിനുള്ള പ്രായോഗിക നിർദ്ദേശവും ഫ്രാൻസീസ് പാപ്പ നൽകുകയുണ്ടായി. "എനിക്ക് ഒരു പ്രശ്നമോ ബുദ്ധിമുട്ടോ ഉള്ളപ്പോൾ, അതൊരു കുറിപ്പായി എഴുതി ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിനടിയിൽ വയ്ക്കും, അപ്പോൾ യൗസേപ്പിതാവിനു അതിനെപ്പറ്റി സ്വപ്നം കാണാൻ കഴിയും! മറ്റൊരർത്ഥത്തിൽ ഈ പ്രശ്നത്തിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാൻ അവനോടു പറയുകയാണ് ചെയ്യുന്നത്!" നമ്മുടെ ഏതു പ്രശ്നങ്ങളും യൗസേപ്പിനു സമർപ്പിക്കുന്ന ഒരു ശീലം സ്വന്തമാക്കുക. 

Source : ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions