News

November 01: സകല വിശുദ്ധരുടെയും തിരുനാൾ

Added On: Oct 31, 2019

November 01: സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌?

നാം ദൈവത്തിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ അവന്റെ പ്രതിരൂപമായി മാറണം. എല്ലാകാര്യത്തിലും സ്വര്‍ഗ്ഗീയ പിതാവിന്റെ ഹിതമാരായുകയും അതനുസരിച്ച് വര്‍ത്തിക്കുകയും വേണം. നാം നമുക്കുള്ളതെല്ലാം ദൈവത്തിനു മഹത്വത്തിനായി സമര്‍പ്പിക്കുകയും അയല്‍ക്കാരന്റെ സേവനത്തിന്‌ സന്നദ്ധനാവുകയും വേണം. ഇപ്രകാരം ദൈവമക്കളുടെ വിശുദ്ധി നന്മയുടെ നല്ല വിളവെടുപ്പിനു പാകമാം വിധത്തില്‍ വളരുകയും, സഭാ ചരിത്രത്തില്‍ കാണപ്പെടുന്ന നിരവധി വിശുദ്ധ ജീവിതം പോലെ ആദരിക്കപ്പെടുകയും ചെയ്യും (“Lumen Gentium, 40).

നവംബര്‍ 1ന് ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്‌. സഭ വര്‍ഷം മുഴുവനും ഒന്നിന് പുറകെ മറ്റൊന്നായി ഓരോ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ദിവസം തിരുസഭ ഇവരെയെല്ലാവരെയും ഒറ്റ ആഘോഷത്തില്‍ ഒരുമിച്ചു ചേര്‍ക്കുന്നു. സഭക്കറിയാവുന്ന വിശുദ്ധരെ കൂടാതെ, സകല ദേശങ്ങളില്‍ നിന്നും, ഗോത്രങ്ങളില്‍ നിന്നും കുഞ്ഞാടിന്റെ ദര്‍ശനത്തില്‍ തൂവെള്ള വസ്ത്രധാരികളായി, കൈകളില്‍ ഒലിവിലകളുമായി സ്വന്തം രക്തത്താല്‍ തങ്ങളെ വീണ്ടെടുത്ത രക്ഷകനെ സ്തുതിച്ചു കൊണ്ട് നില്‍ക്കുന്ന സകല വിശുദ്ധരെയും തിരുസഭ ഈ ദിവസം അനുസ്മരിക്കുന്നു.

സകല വിശുദ്ധരുടെയും ഈ തിരുന്നാള്‍ നമുക്ക്‌ പ്രചോദനം നല്‍കുന്നതാണ്. ഈ സ്വര്‍ഗ്ഗീയ വിശുദ്ധരില്‍ പലരും ഒരുപക്ഷെ നമ്മെപോലെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍. വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്‍. യേശുവിന്റെ പ്രബോധനങ്ങള്‍ മുറുകെ പിടിച്ച്‌ നമുക്ക്‌ മുന്നേ സഞ്ചരിച്ചവര്‍. പൗരസ്ത്യ ദേശങ്ങളില്‍ ഈ തിരുന്നാള്‍ വളരെ പ്രാധ്യാനത്തോടെ ആഘോഷിക്കുന്നു. എട്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യദേശങ്ങളില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്.

റോമന്‍ രക്തസാക്ഷിപട്ടികയില്‍ ഈ ദിനത്തിന്റെ പ്രശസ്തി ഗ്രിഗറി നാലാമനുള്ളതാണ്. അദ്ദേഹം മുഴുവന്‍ ക്രിസ്ത്യന്‍ ലോകത്തോടും ഈ തിരുന്നാള്‍ ആഘോഷിക്കുവാന്‍ പറഞ്ഞു. അദ്ദേഹത്തിന് ശേഷം വന്ന ഗ്രിഗറി മൂന്നാമനും ഇത് തുടര്‍ന്നു. റോമിലാകട്ടെ മെയ്‌ 13ന് സെന്‍റ് മേരീസ്, രക്തസാക്ഷികളുടെ പള്ളിയില്‍ വാര്‍ഷിക ഓര്‍മ്മ പുതുക്കല്‍ നടത്തി പോന്നു. വിജാതീയര്‍ സകല ദൈവങ്ങള്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള അഗ്രിപ്പായുടെ ക്ഷേത്രമായ പഴയ പാന്തിയോന്‍ ആണ് ഈ പള്ളി. പിന്നീട് ഇവിടെക്ക് ബോണിഫസ് നാലാമന്‍ ഗ്രിഗറി ഏഴാമന്റെ കല്ലറയില്‍ നിന്നും പല ഭൌതികാവശിഷ്ടങ്ങളും ഇവിടേക്ക്‌ മാറ്റുകയും നവംബര്‍ 1നു ഈ ദിവസം ആഘോഷിക്കുവാനും തുടങ്ങി.

 

 

source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions