News

കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാന്‍ ഡോണ്‍ ബോസ്കോയുടെ 6 നിര്‍ദ്ദേശങ്ങള്‍

Added On: Jan 31, 2020

കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുകയെന്നത് മാതാപിതാക്കളെയും അദ്ധ്യാപകരെയും സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പല മാതാപിതാക്കള്‍ക്കും ഇതില്‍ ആശങ്കയുണ്ട്. മക്കളെ നേരെയാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഫലിക്കാതെ വരുമ്പോള്‍ മാതാപിതാക്കളാണ് തീര്‍ത്തൂം നിരാശയിലേക്ക് പോകുന്നത്. ആത്മാര്‍ത്ഥയോടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്ന അദ്ധ്യാപകര്‍ക്കും സമാനമായ ദുഃഖമാണ് ഉണ്ടാകുക. എന്നാല്‍ ആശങ്കപ്പെടാന്‍ വരട്ടെ.

തെരുവിലെ കൗമാരക്കാരും പ്രശ്നക്കാരുമായ കുട്ടികളെ നേര്‍വഴിക്ക് നയിച്ച വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയ്ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയും. കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാനായി വിശുദ്ധ ജോണ്‍ ബോസ്ക്കോ തന്റെ സുഹൃത്തുക്കളായ അദ്ധ്യാപകര്‍ക്കും മാതാപിതാക്കൾക്കും നല്‍കിയ ആറ് ഉപദേശങ്ങളാണ് താഴെ നല്‍കുന്നത്.

1) കുട്ടികളെ ‘ശിക്ഷിക്കുക’ എന്നത് നിങ്ങളുടെ ഏറ്റവും അവസാനത്തെ മാര്‍ഗ്ഗമായിരിക്കണം

കോപത്തെ നിയന്ത്രിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതായത് നമ്മുടെ വികാരങ്ങള്‍ക്കും, കോപത്തിനും അടിമപ്പെട്ടുകൊണ്ട് കുട്ടികളെ ശിക്ഷിക്കുവാന്‍ നാം പെട്ടെന്ന് തന്നെ തുനിയുന്നു. മറുവശത്ത് ദയയോട് കൂടി അവരോടു പെരുമാറുവാന്‍ നാം മറക്കുന്നു. ഈ ഒരു ചിന്ത നമ്മുക്ക് ഉണ്ടാകണം.

താന്‍ പരിവര്‍ത്തനം ചെയ്തവരില്‍ ചിലര്‍ വീണ്ടും തങ്ങളുടെ പ്രാകൃത രീതികളിലേക്ക് തിരികെ പോയതിനെ കുറിച്ചോര്‍ത്ത് വിശുദ്ധ പൗലോസ് ശ്ലീഹ വിലപിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ അവയെല്ലാം അദ്ദേഹം ക്ഷമാപൂര്‍വ്വം സഹിക്കുകയും ഉത്സാഹപൂര്‍വ്വം അവയെ നേരിടുകയും ചെയ്തു. കുട്ടികളുമായി ഇടപഴകുമ്പോള്‍ ഈ രീതിയിലുള്ള ക്ഷമയാണ് നമുക്കും ആവശ്യമായിട്ടുള്ളത്‌.

2) കോപത്തിന്റെ നിഴല്‍ കൊണ്ട് നമ്മുടെ മുഖഭാവം ഇരുളുവാന്‍ അനുവദിക്കരുത്

നമ്മുടെ മനസ്സ്, ഹൃദയം, അധരം തുടങ്ങി മുഴുവന്‍ അസ്തിത്വത്തിനുമേലും നമ്മുടെ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. ഒരാള്‍ തെറ്റ് ചെയ്യുമ്പോള്‍ കോപത്തിന് പകരം നമ്മുടെ ഹൃദയത്തില്‍ അനുകമ്പ ഉണരണം. എങ്കില്‍ നമുക്ക് അവനെ നേര്‍വഴിക്ക് നയിക്കുവാന്‍ കഴിയും. ബുദ്ധിമുട്ടേറിയ ചില നിമിഷങ്ങളില്‍, കോപത്തോടു കൂടിയ പൊട്ടിത്തെറിയേക്കാളും ഫലപ്രദം കുട്ടികളെ ദൈവസന്നിധിയിൽ സമർപ്പിച്ചുള്ള പ്രാര്‍ത്ഥനയായിരിക്കും.

3) തിന്മയെ എതിര്‍ക്കുന്ന കാര്യത്തില്‍ ധൈര്യമുള്ളവരായിരിക്കുക, വിവേകത്തോടു കൂടി പ്രവര്‍ത്തിക്കുക. യഥാര്‍ത്ഥ വിജയം ക്ഷമയില്‍ നിന്നുമാണ് വരുന്നതെന്ന് ഉറപ്പ്

അക്ഷമ കുട്ടികളില്‍ വെറുപ്പുളവാക്കുകയും, അത് അവരില്‍ അതൃപ്തി പരത്തുകയും ചെയ്യുന്നു. കുട്ടികളുടെ എത്ര വലിയ അനുസരണകേടിനും, ഉത്തരവാദിത്വമില്ലായ്മക്കും ഏക പരിഹാരം ‘ക്ഷമ’ മാത്രമാണെന്ന്‍ എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. എന്നാല്‍ ചില അവസരങ്ങളില്‍ പരമാവധി ക്ഷമിച്ചതിനു ശേഷവും ഫലം കാണാതെ വരുമ്പോള്‍ കടുത്ത നടപടികള്‍ എടുക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി തീര്‍ന്നിട്ടുണ്ട്.

എന്നിരുന്നാലും അവ കൊണ്ട് യാതൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. അവസാനം, കാര്‍ക്കശ്യം പരാജയപ്പെട്ടിടത്ത് കാരുണ്യം വിജയിക്കുന്നതായി ഞാന്‍ കണ്ടു. വളരെ പതുക്കെയാണെങ്കിലും കാരുണ്യം എല്ലാത്തിനേയും സുഖപ്പെടുത്തുന്നു. ഈ തിരിച്ചറിവ് നമ്മുക്ക് എല്ലാവര്‍ക്കും വേണം.

4) ക്രൂരമായ ശിക്ഷാ രീതികള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക

ആഴത്തില്‍ വേദനിപ്പിക്കുന്ന ശിക്ഷാരീതികള്‍ കുട്ടികളെ തീര്‍ച്ചയായും അസ്വസ്ഥരാക്കും. അതിനാല്‍ തന്നെ സ്നേഹത്തിന്റെ ഭാഷയില്‍ അവരുടെ തെറ്റുകള്‍ തിരുത്താന്‍ പരിശ്രമിക്കുക.

5) മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് കുട്ടികളെ ശിക്ഷിക്കരുത്

വളരെ ഗൗരവപൂര്‍ണ്ണമായ കുറ്റങ്ങള്‍ക്ക് പ്രതിവിധിയായി മാത്രമേ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വെച്ചുള്ള ശിക്ഷകളെയോ ശകാരങ്ങളെയോ ഞാന്‍ നിര്‍ദ്ദേശിക്കുകയുള്ളൂ. സ്വർഗ്ഗത്തിലെ പിതാവിനെ പോലെ ക്ഷമയോടു കൂടി വേണം മാതാപിതാക്കളും അധ്യാപകരും കുട്ടികളെ നേര്‍വഴിക്ക് നയിക്കുവാന്‍. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് കുട്ടികളെ നേരെയാക്കുവാന്‍ ശ്രമിക്കരുത്. മറ്റുള്ളവരില്‍ നിന്നും അകന്ന്‍ തികച്ചും രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞു തെറ്റ് മനസ്സിലാക്കി കൊടുക്കുക.

6) കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റുവാന്‍ പരിശ്രമിക്കുക

കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റുന്നതില്‍ അദ്ധ്യാപകന്‍ വിജയിച്ചാല്‍, അത് കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റത്തിന് കാരണമാകും. എല്ലാ അധ്യാപകരും കുട്ടികളോടു സ്നേഹമുള്ളവരായിരിക്കണം. കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റണമെങ്കില്‍ അധ്യാപകര്‍ അവരോടുള്ള തങ്ങളുടെ സ്നേഹം വാക്കുകളിലൂടേയും, പ്രവര്‍ത്തികളിലൂടെയും അവരെ ബോധ്യപ്പെടുത്തണം.

കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ പ്രയാസമനുഭവിക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറെ സഹായകരമാണ് വിശുദ്ധന്റെ ഉപദേശങ്ങള്‍. വഴിതെറ്റി പോകുന്ന ആടുകളെ ക്ഷമയോടെ അന്വഷിച്ചു കണ്ടെത്തുന്ന നല്ല ഇടയനായ ക്രിസ്തുവിനെപ്പോലെ, കുട്ടികളെ ക്ഷമയോടും സ്നേഹത്തോടും കൂടി നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുവാനും അവരെ സമൂഹത്തിന് ഉപകാരികളുമാക്കി മാറ്റുവാനും നമുക്കു ശ്രമിക്കാം.

 

source  pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions